Kerala
കൊച്ചി: അന്‍സിബ ഹസന് വിഷയത്തില്‍ നടന് ടിനി ടോമിനെ പിന്തുണച്ച് നടി പ്രിയങ്ക. ടിനിയെ കീറി മുറിക്കാന്‍ സമ്മതിക്കില്ല. ഇതുപോലെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല. അമ്മയിലെ വിഷയങ്ങള്‍ അമ്മയില്‍ തന്നെ തീര്‍ക്കണം. ശ്വേത മേനോനെ നോക്കുകുത്തിയായി വച്ചതല്ല, പരാതിയുണ്ടെങ്കില്‍ പറയണമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
അമ്മ സംഘടന നടത്തുന്ന മെഡിക്കല്‍ ക്യാമ്പിനിടെയാണ് ടിനി ടോമിന് പിന്നാലെ പ്രിയങ്കയും മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞങ്ങള്‍ എപ്പോഴും പറഞ്ഞിട്ടുണ്ട് അമ്മ എന്ന അസോസിയേഷനിലുള്ള കാര്യം അവിടെ തീര്‍ക്കണം അല്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് പോവരുതെന്ന്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്കൊക്കെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും.
ടിനി എന്റെയും എന്റെ ഭര്‍ത്താവിന്റെയും സഹപ്രവര്‍ത്തകനാണ്. ഒരുപാട് വര്‍ഷങ്ങളായിട്ട് കണ്ടു കൊണ്ടിരിക്കുന്ന ആളാണ്. ഇന്നുവരെ ഞങ്ങള്‍ സ്ത്രീകള്‍ക്കെതിരെ വൃത്തികേടായ സംസാര രീതി ഉണ്ടായിട്ടില്ല. പ്രോഗ്രാം ചെയ്യുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരം ഉണ്ടായിക്കാണും. അല്ലാതെ ഇതുപോലെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല.
ടിനിക്കെതിരെ പരാതിയുണ്ടെങ്കില്‍ ഇവിടെ പറയണം. ശ്വേത മേനോനെ നോക്കുകുത്തിയായി വച്ചതല്ല, അവരോട് പരാതി പറയണം. വ്യക്തിപരമായി ഒരാളെ കീറി മുറിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ടിനിയുടെ കൂടെ തന്നെ ഞങ്ങള്‍ നില്ക്കും. കാരണം ഒരു തെറ്റും ചെയ്യാത്ത ഒരാളെ അങ്ങനെ ശിക്ഷിക്കാന്‍ പാടില്ല എന്ന് പ്രിയങ്ക പറഞ്ഞു.
അതേസമയം, തന്നെ ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തുവെന്ന് ആരോപിച്ചു, അവിഹിത കഥകള്‍ പടച്ചുവിട്ടു എന്നൊക്കെയാണ് ടിനിക്കെതിരെയുള്ള അന്‍സിബയുടെ ആരോപണങ്ങള്‍. എന്നാല്‍ ഈ ആരോപണങ്ങള്‍ ടിനി ടോം നിഷേധിച്ചു. താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും നന്നായി പ്രവര്‍ത്തിക്കുന്ന തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ് എന്നുമാണ് ടിനിയുടെ വിശദീകരണം.
Movies
തൊഴില്‍ പീഡന പരാതിയടക്കം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന്. അമ്മ നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്.
സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോന് കാര്യങ്ങള്‍ ഒന്നുമറിയുന്നില്ല എന്ന ആരോപണങ്ങള്‍ നടന്മാരായ ബാബുരാജും ടിനി ടോമും ഉയര്‍ത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് അമ്മയിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി തൊഴില്‍ പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ട്രഷറര്‍ ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കുകയും ജീവനക്കാരി അതുല്യയെ പുറത്താക്കിയ നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.
അനധികൃതമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും ഓഫീസില്‍ ജോലി തുടരാന്‍ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടും യുവതി പോലീസിന് പരാതി നല്‍കിയിരുന്നു. അമ്മ ട്രഷറര്‍ മാനസികമായി പീഡിപ്പിച്ചതായി പ്രസിഡന്റിനും എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും യുവതി അയച്ച കത്തില്‍ ആരോപിച്ചിരുന്നു.
പരാതിക്കത്ത് നല്കിയാല് ജോലിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് പറഞ്ഞതായും യുവതി ആരോപിച്ചിരുന്നു. എന്നാല്‍ ട്രഷറര്‍ക്കെതിരെ മാത്രമാണ് കഴിഞ്ഞ യോഗത്തില്‍ നടപടി എടുത്തത്. കുക്കു പരമേശ്വരന് ജനറല്‍ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്തതായി ടിനി ടോം ആരോപിച്ചിരുന്നു.
ചൊവ്വാഴ്ച നടന്ന യോഗത്തിന് പിന്നാലെ ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസന് നല്കിയ രാജിക്കത്ത് സ്വീകരിച്ചതായും ശ്വേത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്നാണ് രാജി എന്ന് ശ്വേത പറഞ്ഞെങ്കിലും ഗുരുതര ആരോപണങ്ങള്‍ നടിക്കെതിരെ ഉന്നയിച്ചതിനാല്‍ മനം മടുത്താണ് അന്‍സിബ രാജി വച്ചത് എന്ന് ബാബുരാജ് പറഞ്ഞിരുന്നു. ഇന്നത്തെ യോഗത്തില്‍ ഇതിനൊക്കെ വിശദീകരണമുണ്ടാകും എന്നാണ് വിവരം.
Movies
താരസംഘടനയായ അമ്മയിൽ വീണ്ടും പൊട്ടിത്തെറി. ട്രഷറർ ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യ എത്തിയതാണ് കലഹങ്ങൾക്ക് കാരണമായത്.
ഇപ്പോഴിതാ നടിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നീനാ കുറുപ്പ് അതുല്യയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
അതുല്യയുടെ പരാതി പുറത്തുപറയുന്നതിനു പകരം ടിനി ടോമിനോടോ സിജോയ് വർഗീസിനോടോ പറഞ്ഞിരുന്നെങ്കിൽ അവർക്ക് കുക്കു പരമേശ്വരനോട് എതിരഭിപ്രായമുള്ളതുകൊണ്ട് അവർ ഈ പ്രശ്നം സംഘടനയിൽ അവതരിപ്പിക്കുകയായിരുന്നുവെന്ന് വൺ ടു ടോക്ക്സ് എന്ന ചാനലിൽ വന്ന ഓഡിയോയിൽ നീന പറയുന്നു.
ഫോൺ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ
നീന: അതുല്യ, നീ അത് പുറത്തല്ലായിരുന്നു പറയേണ്ടിയിരുന്നത്. ഇതിനുള്ളിൽ തന്നെ തീർക്കണമായിരുന്നു. നീ എന്താണ് മനസിലാക്കാത്തത്? എനിക്ക് എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്.
ആ പെണ്ണ് എന്നെ തെറി വിളിച്ചിട്ട് പോലും ഞാൻ പുറത്തു പറയാഞ്ഞത് എന്തുകൊണ്ടാണ്? കാരണം ഇതിനകത്ത് തീർത്തില്ലെങ്കിലാണ് നമ്മൾ പുറത്തു പോകേണ്ടത്. അപ്പോൾ നമുക്ക് പറയാൻ ന്യായമുണ്ട്.
അതുല്യ: ജനറൽ സെക്രട്ടറിക്ക് ഒന്നര മാസം മുമ്പ് കിട്ടിയ ഒരു കത്തിന് മറുപടി നൽകാനോ അന്വേഷിക്കാനോ പറ്റാത്ത ഒരാൾ, കമ്മിറ്റി മെമ്പേഴ്സ് പോലും അറിയാതെ ഇത് ഹൈഡ് ചെയ്തു വെച്ചിരുന്നു. എന്നെ ടെർമിനേറ്റ് ചെയ്തപ്പോഴാണ് ഇത് എന്റെ വായിൽ നിന്ന് പുറത്തു വരുന്നത്.
എക്സിക്യൂട്ടീവ് മെമ്പേഴ്സിന് പോലും പേഴ്സണലി ഞാൻ ഈ ലെറ്റർ അയച്ചു കൊടുക്കുന്നത് എന്നെ പുറത്താക്കിയതിന് ശേഷമാണ്. പുറത്തു നിൽക്കുന്ന എനിക്ക് ഇനി എന്തും പറയാലോ. അവർ എടുക്കുന്നതും എടുക്കാതിരിക്കുന്നതും അവരുടെ കാര്യം. ഇതിന്റെ പേരിൽ എന്തുണ്ടായാലും നേരിടാൻ ഞാൻ തയാറാണ്.
നീന: മോളെ, നമ്മൾ എപ്പോഴും വിക്ടിം ആണ് കളിക്കേണ്ടത്. നമ്മൾ ഒഫൻഡ് ചെയ്ത് കഴിഞ്ഞാൽ നമ്മൾ സ്ട്രോങ്ങ് ആയാൽ ആളുകൾ പിന്തുണക്കില്ല. അവർ നിന്നെ വിക്ടിമൈസ് ചെയ്തു എന്ന രീതിയിലേ നിൽക്കാവൂ. ലക്ഷ്മിപ്രിയയുടെ കാര്യത്തിൽ മായയെക്കൊണ്ട് കത്ത് എഴുതിപ്പിച്ചു എന്ന് പറയുന്നത്, അത് എങ്ങനെയാണ് മായയെക്കൊണ്ട് കത്തെഴുതിച്ചത്;
അതുല്യ: മായയെക്കൊണ്ട് കത്ത് എഴുതിപ്പിച്ചത് ഞാൻ കേട്ടതാണ്. ലക്ഷ്മിപ്രിയയുടെ കാര്യം മാത്രമല്ല, കുടുംബ സംഗമത്തിന് ഇത്രയും വലിയ തുക മുടക്കി എന്നതിനെക്കുറിച്ചും അവിടെ നടന്ന കാര്യങ്ങളെക്കുറിച്ചും അറിയാൻ ക്യാമറ ചെക്ക് ചെയ്യട്ടെ.
നീന: അപ്പോൾ മായാ പ്രശ്നമുണ്ടാക്കുമ്പോൾ മായയോട് മെയിൽ അയയ്ക്കാൻ പറയുക എന്നത് സ്വാഭാവികമല്ലേ മോളെ?
അതുല്യ: ധൈര്യമുണ്ടെങ്കിൽ ആ ക്യാമറ ചെക്ക് ചെയ്യട്ടെ, ഇവർ അവധി ദിവസം അവിടെ വന്നിരുന്നതും ഞാൻ ചായ ഇട്ടു കൊടുത്തതും ഇവർ അവിടെ ഇരുന്ന് ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എല്ലാം ക്യാമറയിൽ ഉണ്ടാകും. ധൈര്യം ഉണ്ടെങ്കിൽ അവർ ക്യാമറ ദൃശ്യങ്ങളും ഓഡിയോയും പുറത്തുവിടട്ടെ, ഞാൻ ചലഞ്ച് ചെയ്യുകയാണ്.
നീന: അതുല്യ നോക്ക്, ഞാൻ ഇത് പക്ഷപാതമില്ലാതെ പറയുകയാണ്. കുക്കുവിനെ സപ്പോർട്ട് ചെയ്യാനോ അതുല്യയെ സപ്പോർട്ട് ചെയ്യാനോ അല്ല ഞാൻ ഇത് പറയുന്നത്.
നിനക്ക് നന്നായി അറിയുന്ന ഒരു മെമ്പർ എന്നോട് പറഞ്ഞത് ഇവർ ഇതൊക്കെ പിണങ്ങിയപ്പോൾ മാത്രമാണ് പറഞ്ഞതെങ്കിൽ, ഇവർ പിണങ്ങാതെ കുക്കു അതുല്യയെ നല്ല രീതിയിൽ കൊണ്ടുപോയിരുന്നെങ്കിൽ നീ ഇത് ഒരിക്കലും പറയില്ലായിരുന്നു എന്നല്ലേ അതിന്റെ അർഥം എന്നാണ്?
അത് വളരെ ശരിയായ കാര്യമാണ്, പിണങ്ങുമ്പോൾ അല്ല നമ്മൾ ഓരോന്ന് വിളിച്ചു പറയേണ്ടത് നമ്മൾ അവിടെ നിൽക്കുമ്പോൾ തന്നെ ശരിയല്ല എന്ന കാര്യങ്ങൾ പറയേണ്ടത്. നീ അയച്ച കത്തിന് സെക്രട്ടറി പ്രതികരിച്ചില്ലെങ്കിൽ അപ്പോൾ തന്നെ ഔദ്യോഗികമായി അറിയിക്കണമായിരുന്നു.
അതുല്യ: അവിടെ നടന്ന ഓരോ കാര്യങ്ങളും ഇവരെയൊക്കെ ഞാൻ ഔദ്യോഗികമായി അപ്പോൾ തന്നെ അറിയിച്ചിട്ടുണ്ട്. ഞാൻ ചോദിക്കട്ടെ ഉണ്ണി ശിവപാലിന്റെ ഭാഗത്തുനിന്ന് എനിക്ക് മോശമായ അനുഭവമാണെന്ന് ഞാൻ നീന മാഡത്തോട് പറഞ്ഞിട്ടില്ലേ?
നീന: അതെ, പക്ഷേ അത് ചീത്ത രീതിയിലുള്ള അനുഭവം എന്ന് നീ പറഞ്ഞിട്ടില്ല കേട്ടോ.
അതുല്യ: എന്നിട്ട് ഇത്രയും... അയാൾ എന്നെ കരയിപ്പിച്ചിട്ടുള്ള കാര്യങ്ങൾ വരെ ഞാൻ പറഞ്ഞിട്ടുണ്ട്.
നീന: അതൊക്കെ പറഞ്ഞിട്ടുണ്ട്, സമ്മതിച്ചു. അപ്പോഴൊക്കെ ഞാൻ എന്താ പറഞ്ഞത് മെയിൽ അയക്കൂ, എല്ലാവരെയും അറിയിക്കൂ' എന്ന് ഞാൻ പറഞ്ഞില്ലേ? സെക്രട്ടറിക്കും പ്രസിഡന്റിനും മെയിൽ അയക്കണമായിരുന്നു. ഇന്ന് നീ ഞങ്ങൾക്ക് എല്ലാവർക്കും ഒരു കോപ്പി അയച്ചതുപോലെ അന്ന് അയച്ചെങ്കിലും അന്ന് ഞങ്ങളെല്ലാം ചേർന്ന് ഒരു തീരുമാനം എടുക്കുമായിരുന്നു അതുല്യ മോൾ അത് ചെയ്തില്ല.
അതുല്യ: പ്രസിഡന്റ് എനിക്ക് വാക്ക് തന്നതാണ് ഈസിയിൽ സംസാരിക്കാമെന്ന്. അതിനെ ഖണ്ഡിച്ചുകൊണ്ട് പിന്നെ ഞാൻ എന്തിനാണ് മറ്റുള്ളവർക്ക് അയക്കുന്നത്?
നീന: പ്രസിഡന്റ് വാക്ക് തന്നിട്ടുണ്ടെങ്കിൽ അതിനു ശേഷം ഈസി നടന്നിട്ടുണ്ടാകില്ല.
അതുല്യ: എന്തുകൊണ്ടാണ് ഈസി നടക്കാത്തത്, ഞാൻ പോകാത്തതുകൊണ്ട്. അവർ എന്നോട് പോകുന്നില്ലേ എന്ന് എത്രതവണ ചോദിച്ചു. ചോദിച്ചോ ഇല്ലയോ എന്നത് ക്യാമറ ചെക്ക് ചെയ്യട്ടെ .
നീന: നിന്നോട് പോകാൻ പറയുന്നു എന്ന് പ്രസിഡന്റ് അറിഞ്ഞോ ?
അതുല്യ : എന്നോട് പോകാൻ പറയുന്നു എന്ന് ഞാൻ പ്രസിഡന്റിനെ അറിയിച്ചിരുന്നു, ഈസി ആകട്ടെ ഈസി ആകട്ടെ എന്നാണു എനിക്ക് കിട്ടിയ മറുപടി.
നീന: ഇസി (എക്സിക്യൂട്ടിവ് കമ്മറ്റി) നടന്നാൽ അല്ലെ ഇത് ചർച്ച ചെയ്യാൻ പറ്റൂ, അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഞങ്ങൾക്ക് എല്ലാവർക്കും അന്നേ ഒരു മെസേജ് അയച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇതിൽ ആരെങ്കിലും, ഒന്നുമില്ലെങ്കിൽ ആ ടിനി ടോമോ സിജോയ് വർഗീസോ എങ്കിലും അതിനെക്കുറിച്ച് ചോദ്യം ചെയ്ത് അവിടെ എന്താണ് നടക്കുന്നത് എന്ന് ചോദിച്ചേനെ.
കാരണം അവർ കുക്കുവിന് എതിരായിട്ടാണ് പ്രവർത്തിക്കുന്നത്. അവർ ആ ചോദ്യം അവിടെ ഇട്ടേനെ. ആ ചോദ്യം ഇട്ടെങ്കിൽ അത് ചർച്ച ചെയ്യാൻ ഉടനടി ഒരു മീറ്റിംഗ് നടത്തിയേനെ. അത് ഇടാതെ മോള് ഇമെയിൽ മാത്രം ഇട്ടപ്പോൾ ഈമെയിൽ വായിക്കുന്നവർക്ക് മാത്രമല്ലെ അറിയാൻ പറ്റൂ. നമ്മുടെ ഉദ്ദേശം നീ അവിടെ തന്നെ വേണം എന്നുള്ളതായിരുന്നു.
അതുല്യ: എന്നെ ജോലിക്കെടുക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ, നിങ്ങളൊക്കെ വരുന്നത് പോകുന്നതും ഉൾപ്പെടെ എല്ലാ ഡീറ്റെയിൽസും നിങ്ങളൊക്കെ എന്ത് സംസാരിച്ചു എന്നുള്ളത് വരെ ഇവരെ അറിയിക്കണം എന്നാണ് എനിക്ക് ഇവർ തന്നിരിക്കുന്ന നിർദ്ദേശം.
ആ നിർദ്ദേശം ഞാൻ അവിടെ നിൽക്കുന്നത് വരെ വയലേറ്റ് ചെയ്തിട്ടില്ല. അത്യാവശ്യം അറിയേണ്ടാത്ത കാര്യങ്ങൾ ഒന്നും ഞാൻ ആരോടും പറഞ്ഞിട്ടുമില്ല. എനിക്കുണ്ടായ അനുഭവങ്ങളിൽ പലതും പോലും ഞാൻ പറഞ്ഞിട്ടില്ല. ഇനിയിപ്പോ ഞാൻ അവിടെ ഇല്ലല്ലോ.
നീന: ഇനിയിപ്പോൾ അതുല്യ അവിടെ ഇല്ലാത്തപ്പോൾ, അപ്പോഴും ഇപ്പോൾ നോക്കിയേ, നാളെ ഒരു കമ്പനിയിൽ മോൾ ജോയിൻ ചെയ്യുമ്പോൾ, അതുല്യ ജോയിൻ ചെയ്യുമ്പോൾ ആ കമ്പനിയിലെ സീക്രട്ട്സ് അവർ അതുല്യനോട് പറയാൻ മടിക്കും.
കാരണം നാളെ ഈ കമ്പനിയിൽ നിന്ന് പുറത്തുപോയി കഴിഞ്ഞാൽ ഇവിടുത്തെ കാര്യങ്ങൾ പുറത്തു പറയും എന്ന് അവർ കരുതും. അതാ ഞാൻ പറഞ്ഞത്, പുറത്തല്ലായിരുന്നു പറയേണ്ടിയിരുന്നത്, ഇതിന്റെ ഉള്ളിലായിരുന്നു അത് തീർക്കേണ്ടിയിരുന്നത്. അതുല്യ എന്താ പറയുന്നത് മനസിലാക്കാത്തത്? ഒന്നുമില്ലെങ്കിൽ എനിക്ക് എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്.
എന്തുകൊണ്ടാണ് ആ പെണ്ണ് എന്നെ തെറി വിളിച്ചിട്ടും ഞാൻ ഇത് പുറത്തു പറയാഞ്ഞത്? കാരണം ഇതിനകത്ത് തീർത്തില്ലെങ്കിലാണ് നമ്മൾ പുറത്തു പോകേണ്ടത്, അപ്പോൾ നമുക്ക് പറയാൻ ന്യായമുണ്ട്.
ഞാൻ ശ്രമിച്ചു. ഞാൻ ഓരോരുത്തർക്കും, ഓരോ മെമ്പേഴ്സിനും മെസ്സേജ് അയച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അയച്ചു കൊടുത്തു, അവർ മൈൻഡ് ചെയ്തില്ല. ഞാൻ മെമ്പേഴ്സിന് അയച്ചു കൊടുത്തു, മെമ്പേഴ്സും മൈൻഡ് ചെയ്തില്ല. എനിക്ക് നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഞാൻ പുറത്തു പറയേണ്ടി വന്നതെന്ന് പറയാം.
ഇതിപ്പോ എന്ത് പറ്റി? ഞങ്ങൾ അവിടുത്തെ കാര്യങ്ങൾ. അതായത് 95,000 രൂപ ഇതിനു വേണ്ടിയിട്ടായി, ഇത്രയും രൂപയായി, ഡിസിപ്ലിനറി കമ്മിറ്റി, ഇതൊക്കെ നമ്മുടെ ഉള്ളിലുള്ള സീക്രട്ട്സ് ആണ്. ഇത് എങ്ങനെ അതുല്യ അറിഞ്ഞാലും അത് പുറത്തു പറഞ്ഞു എന്ന് വരുന്നത് കമ്പനി പോളിസിക്ക് എതിരല്ലേ?
അതുല്യ: ഞാൻ ഈ വിവരം എക്സിക്യൂട്ടീവ് മെമ്പേഴ്സിന് അയച്ചു കൊടുത്ത ശേഷമാണ് ഇത് ലീക്ക് ആയിട്ടുള്ളത്. അത് എന്തായാലും എന്റെ ഫോണിൽ നിന്നല്ല എന്നുള്ളത് ഫോൺ പരിശോധിച്ചോട്ടെ.
നീന: മോളെ, ഇത് ആയിക്കോട്ടെ. ഞാൻ പറഞ്ഞത് മോൾ സംസാരിക്കാൻ പാടില്ലായിരുന്നു എന്നാണ്. മറ്റേയാൾ വിളിച്ചപ്പോൾ അത് അസോസിയേഷന്റെ കാര്യമാണ്, ഞാൻ ഇപ്പോൾ അവിടുന്ന് വിട്ടിട്ടേയുള്ളൂ, എനിക്ക് അവിടെ അവരോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അതിന് എന്തെങ്കിലും ഉത്തരം എനിക്ക് കിട്ടിയിട്ടില്ലെങ്കിൽ ഞാൻ നിങ്ങളോട് സംസാരിക്കാം എന്ന് പറയേണ്ടതല്ലായിരുന്നോ മോളെ? അതല്ലേ ചെയ്യേണ്ടത്? വാദിക്കാൻ പോകാതെ അതാണ് ചെയ്യേണ്ടിയിരുന്നത്.
അത് ചെയ്തിരുന്നെങ്കിൽ നാളെ ശ്വേതയ്ക്ക് അവിടെ നിന്നിട്ട് ഫൈറ്റ് ചെയ്തിട്ട് അതുല്യനെ തിരിച്ചു കൊണ്ടുവരാൻ പറ്റുമായിരുന്നു. ഞാനൊക്കെ അതിന് സപ്പോർട്ട് നിന്നേനെ. കാരണം അതുല്യയ്ക്ക് അറിയാം എന്റെ നിലപാട്. പക്ഷേ ഇപ്പോൾ എന്നോട് അവർ മെമ്പേഴ്സ് ചോദിച്ചാൽ, 'നീന, പുറത്തു പറഞ്ഞിട്ട്, ഇവിടുത്തെ കാര്യങ്ങൾ പുറത്തു പറഞ്ഞ ഒരാളെ ഞങ്ങൾ എങ്ങനെ തിരിച്ചെടുക്കും? നാളെ ഞങ്ങൾ എങ്ങനെ അവരോട് കാര്യങ്ങൾ അറിയിക്കും? ഇവിടുത്തെ ഓരോ ആൾക്കാരുടെയും, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വരെ നമ്പേഴ്സ് ഇവരുടെ കൈയിൽ ഉള്ളതാണ്. ഇതൊക്കെ ഇവർ നാളെ കൊണ്ടുപോയിട്ട് മറ്റുള്ളവർക്ക് കൊടുക്കില്ല എന്ന് നമുക്ക് എന്താണ് ഉറപ്പ്?' എന്ന് ചോദിക്കുമ്പോൾ എന്റെ വായ പൂട്ടേണ്ടി വരും.
കാരണം അകത്തുള്ള കാര്യങ്ങൾ പുറത്തു പറയാൻ പാടില്ല. മോൾ പറയേണ്ട കാര്യങ്ങൾ കൃത്യമായിട്ട്, കുക്കുവിനെ കുറിച്ചിട്ടും അയാൾ ഇങ്ങനെ ചെയ്തു എന്നും പറയുന്നത് ഉള്ളിലായിരുന്നു ആദ്യം പറയേണ്ടിയിരുന്നത് അതുല്യ. അതാണ് ഞാൻ ഈ പറഞ്ഞുകൊണ്ടിരിക്കുന്നത്.
അത് എന്തുകൊണ്ട് ആലോചിച്ചില്ല ഒന്നും ചെയ്യുന്നതിനു മുമ്പ്? ഒന്നുമില്ലെങ്കിൽ ഞാൻ എപ്പോഴെങ്കിലും അതുല്യയ്ക്ക് എതിർത്തിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതുല്യയ്ക്ക് എന്നെ ഒന്ന് വിളിച്ച് സംസാരിക്കാമായിരുന്നില്ലേ?
ഞാൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന കാര്യം എന്താണ്? അതുല്യനെ തിരിച്ചു കൊണ്ടുവരണം, അതുല്യ നീ പോകരുത് എന്നാണ്. അത് ഞാൻ വെറുതെ തമാശയ്ക്ക് ആഗ്രഹിച്ച കാര്യമല്ല, വളരെ സീരിയസ് ആയിട്ട് എന്റെ മനസിന്റെ ഉള്ളിൽ നിന്ന് വന്ന ആഗ്രഹമാണ്.
മുഹമ്മദും പോകരുത് എന്ന് ഞാൻ പറഞ്ഞത് എന്റെ ഉള്ളിന്റെ ഉള്ളിലുള്ള ആഗ്രഹമാണ്. അല്ലാതെ നിങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടിയിട്ട് അന്നത്തെ ആ സന്തോഷത്തിലും സ്നേഹത്തിലും പറയുന്ന കാര്യമല്ല. അത് എന്തുകൊണ്ട് അങ്ങനെയാണെങ്കിൽ എന്നെ ഒന്ന് വിളിച്ച് പറയാമായിരുന്നു, ഞാൻ ഇങ്ങനെയാണ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത് എന്ന്.
അതുല്യ : ഞാൻ ഒരു പ്ലാനിങ്ങും ഇല്ലായിരുന്നു സത്യം. ഞാൻ ഒന്നിനും വേണ്ടി ഇരുന്നതുമല്ല.
നീന : എന്നാൽ അയാൾ വിളിച്ചപ്പോൾ ഉത്തരം പറയാൻ പാടില്ലായിരുന്നു അതുല്യ.
അതുല്യ: എന്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിച്ചു നോക്കൂ.
Movies
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരണം നടത്താൻ അമ്മ സംഘടനയുടെ നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് നടൻ ബാബുരാജ്. അമ്മയുടെ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണെന്നും എന്നാൽ പ്രതികരിക്കാൻ ബാധ്യതയുണ്ടായിട്ടും അവർ എസ്കേപ്പ് ചെയ്യുകയാണെന്നും ബാബുരാജ് പറയുന്നു.
പൊങ്കാല സിനിമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.
'ഞാനൊരു നിയമം പഠിച്ച ആളായതുകൊണ്ടും വക്കീലായതു കൊണ്ടും കോടതി വിധിയെ ബഹുമാനിക്കണം. മേൽകോടതികളുണ്ടല്ലോ, അത് അതിന്റെ വഴിയെ വരട്ടെ. അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്നു പറയാൻ ഞാൻ ആളല്ല. ഈ വിധി തെറ്റ് ആണെന്നു പറയാൻ മേൽകോടതി ഉണ്ട്. കോടതിയാണ് തെറ്റും ശരിയും തീരുമാനിക്കേണ്ടത്. ഇതിൽ ഒരു മറുപടി പറയാൻ നമുക്ക് അവകാശമില്ല.
‘അമ്മ’യിൽ ഞാനിപ്പോൾ ഒരംഗം മാത്രമാണ്. ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്, അമ്മയെ നയിക്കുന്നവരാണ്. ഇപ്പോൾ ഭരണം നന്നായി പോകുന്നുണ്ട്. അവർ അത് നല്ലപോലെ കൈകാര്യം ചെയ്യും. അതിജീവിതയ്ക്കായി ഇവർ സംസാരിച്ചോ എന്ന നിങ്ങളുടെ ചോദ്യം കേൾക്കുമ്പോൾ ലാലേട്ടനെയാണ് എനിക്ക് ഓർമ വരുന്നത്. അദ്ദേഹമാണ് ഇപ്പോൾ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ എന്തൊക്കെ സംഭവിച്ചേനെ.
ഇവരായതുകൊണ്ട്, ഇവര്‍ക്കതിൽ നിന്നും രക്ഷപ്പെട്ട് പോകാൻ പറ്റും. ലാലേട്ടനായിരുന്നു ആ സ്ഥാനത്തെങ്കിൽ നിങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ വീർപ്പുമുട്ടിച്ചേനെ. ലാലേട്ടൻ മാറിയത് നന്നായി എന്ന് ഞാനിപ്പോൾ ചിന്തിക്കുകയാണ്. സമയം ഇനിയുമുണ്ടല്ലോ. സ്ത്രീകൾ തലപ്പത്തുള്ളവർ അതിനു തീർച്ചയായും മറുപടി പറയും. അത് ഇന്നല്ലെങ്കിൽ നാളെ, എന്തായാലും ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണ്.
ആ കുട്ടിയോടുള്ള അനുകമ്പയും സ്നേഹവും എന്നും നിലനിൽക്കും. പക്ഷേ കോടതി വിധിയെ ബഹുമാനിക്കുന്നു. ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്നു പറഞ്ഞപോലെ, അതിൽ ഏത് വശമാണ് സത്യമെന്നാണ് അറിയേണ്ടത്. ബാബുരാജിന്റെ വാക്കുകൾ.
നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Movies
അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ നടന് വിനായകനെ താര സംഘടനയായ "അമ്മ'. വിനായകന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘടനയുടെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് വിഷയം ചര്‍ച്ചയായത്.
അശ്ലീല പദങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഗുരുതരമായ ചില അധിക്ഷേപങ്ങളാണ് ചില പ്രശസ്ത വ്യക്തികളെക്കുറിച്ച് വിനായകന് നടത്തിയതെന്ന് അമ്മ അംഗങ്ങള്‍ വിമര്‍ശിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി വിനായകന്റെ ഇത്തരം സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ അമര്‍ഷം രേഖപ്പെടുത്തി. വിനായകനെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇക്കാര്യം സംഘടനയില്‍ തന്നെ ചര്‍ച്ച ചെയ്ത് വേണ്ടി വന്നാല്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കണമെന്നും അഭിപ്രായങ്ങളുയര്‍ന്നു.
Movies
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കാനുള്ള സ്ഥാനാർഥികളുടെ പത്രിക സമർപ്പണം പൂർത്തിയായി. 74 പേരാണ് പത്രിക നൽകിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കു വനിതകളുൾപ്പെടെ ആറ് പേരാണു പത്രിക നൽകിയത്.
ഈ മാസം 31 വരെ പത്രിക പിൻവലിക്കാം. അതിന് ശേഷം മാത്രമേ പാനലുകളും കൂട്ടുകെട്ടുകളും സംബന്ധിച്ച് അന്തിമ ചിത്രം വ്യക്തമാകൂ. ഓഗസ്റ്റ് 15നു കൊച്ചിയിലാണു തെരഞ്ഞെടുപ്പ്. ആദ്യമായാണ് ഇത്രയും പേർ മത്സരരംഗത്തെത്തുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്കു ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവർ പത്രിക നൽകിയിട്ടുണ്ട്. മത്സരരംഗത്തുള്ള ഏറ്റവും സീനിയർ അംഗങ്ങൾ ജഗദീഷും ദേവനുമാണ്.
‘അമ്മ’യിൽ തലമുറമാറ്റം വേണമെന്നും യുവനേതൃത്വം വരണമെന്നും നേതൃനിരയിലുണ്ടായിരുന്ന മുതിർന്ന നടന്മാർ പല തവണ അഭ്യർഥിച്ചെങ്കിലും പ്രമുഖ യുവനടന്മാർ മുന്നോട്ടു വന്നില്ല. വിജയരാഘവൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പത്രിക നൽകിയില്ല.
പ്രസിഡന്റ് സ്ഥാനത്തേക്കു ജോയ് മാത്യു നൽകിയ പത്രിക തള്ളി. ജഗദീഷ് മത്സരിക്കുന്ന സാഹചര്യത്തിൽ വിട്ടുനിൽക്കാൻ ജോയ് മാത്യു തീരുമാനിച്ചെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നാമനിർദേശ പത്രികയിലെ ഡിക്ലറേഷനിൽ ജോയ് മാത്യു ഒപ്പിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു ജോയ് മാത്യുവിന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ എല്ലാ സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും പത്രിക നൽകി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യനായർ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവരും പത്രിക നൽകി. ട്രഷറർ സ്ഥാനത്തേക്കു വിനു മോഹൻ, ടിനി ടോം, കുക്കു പരമേശ്വരൻ, സുരേഷ് കൃഷ്ണ, കൈലാഷ് എന്നിവരും പത്രിക നൽകി.
505 അംഗങ്ങള്‍ക്കാണു വോട്ടവകാശമുള്ളത്. മോഹന്‍ലാലായിരുന്നു കഴിഞ്ഞ മൂന്നു തവണ ‘അമ്മ’യുടെ പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ കൂട്ട ആരോപണങ്ങളെത്തുടര്‍ന്നാണു മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവച്ചത്.